Home » , » സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ്



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ്. ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി നല്‍കിയ കത്ത് സര്‍ക്കാര്‍ തള്ളി. ഇതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബ്ലാക്ക് ഫോറസ്റ്റിന് നല്‍കിയ പുരസ്‌കാരം ചലച്ചിത്ര അക്കാദമി തിരിച്ചെടുക്കേണ്ടിവരും.
പുരസ്‌കാരത്തിന് അര്‍ഹമെന്ന് ജൂറി കണ്ടെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന ബ്ലാക്ക് ഫോറസ്റ്റിന് അംഗീകാരം നല്‍കിയ ചലച്ചിത്ര അക്കാദമിയുടെ നടപടി നേരത്തെ തന്നെ വിവാദമായിരുന്നു. മാനദണ്ഡമനുസരിച്ച് അക്കാദമിയില്‍ അംഗങ്ങളായവരുടെ ചിത്രങ്ങള്‍ പുരസ്‌കാരത്തിന് പരിഗണിക്കരുതെന്നാണ് വ്യവസ്ഥ.
എന്നാല്‍ അക്കാദമി അംഗങ്ങളായ ജോഷി മാത്യു സംവിധാനവും ബേബി മാത്യു നിര്‍മാണവും നിര്‍വഹിച്ച ചിത്രമാണ് ബ്ലാക്ക് ഫോറസ്റ്റ്. ഇക്കാരണത്താല്‍ തന്നെ ചിത്രം അവാര്‍ഡിനായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ജൂറിയുടെ നിലപാട്. ഇതുമറികടന്നാണ് ചലച്ചിത്ര അക്കാദമി സിനിമയ്ക്ക് അംഗീകാരം നല്‍കിയത്.
അവാര്‍ഡ് ദാനം വിവാദമായതോടെ അക്കാദമിക് ഭാരവാഹികളെയോ അവരുടെ ചിത്രങ്ങളെയോ അവാര്‍ഡിന് പരിഗണിക്കരുതെന്ന മാനദണ്ഡത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമിക്ക് മറുപടി നല്‍കി.
ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫോറസ്റ്റിന് നല്‍കിയ അംഗീകാരപത്രം സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടിവരും.

0 comments: