ഇവരെയാണോ ഞാന്‍ ഇത്രനാളും സുഹൃത്തുക്കളായി കണ്ടത്? സംശയിക്കുന്നത് ഹൃത്വിക് റോഷന്‍. സുസന്ന ഖാനുമായുള്ള വിവാഹജീവിതം അവസാനിപ്പിക്കുന്നതിന്‍റെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ഹൃത്വിക് കുറച്ചു ദിവസങ്ങളായി. എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഹൃത്വിക് ദീര്‍ഘമായി ഒരു പോസ്റ്റ് കുറിച്ചിട്ടത്, ക്രിഷ് 3 എന്ന ചിത്രത്തെക്കുറിച്ചാണ്.
2013 നവംബറിലാണ് ഹൃത്വിക്കിന്‍റെ അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ക്രിഷ് 3 തിയെറ്ററുകളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബോക്സോഫിസ് ലാഭക്കണക്കെടുപ്പില്‍ ധൂം 3യും ചെന്നൈ എക്സ്പ്രസും കഴിഞ്ഞാല്‍ ക്രിഷ് 3 എന്നായിരുന്നു ധാരണ. എന്നാല്‍ ക്രിഷ് 3 അത്ര വിജയമായിരുന്നില്ല എന്നും കലക്റ്റ് ചെയ്തു എന്നു പറയുന്നത്ര തുക കിട്ടയിട്ടില്ലെന്നും കാണിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരണം ശക്തമായിരുന്നു. ഇതിനു മറുപടിയായി ദീര്‍ഘമായ കുറിപ്പാണ് ഫേസ്ബുക്ക് പേജില്‍ ഹൃത്വിക് പോസ്റ്റ് ചെയ്തത്.
ബോളിവുഡില്‍ത്തന്നെയുള്ള ചിലരും മാധ്യമങ്ങളില്‍ ഒരു വിഭാഗവും ചേര്‍ന്ന് എന്‍റെയും എന്‍റെ അച്ഛന്‍റേയും ക്രിഷ് 3യുടെയും വിജയത്തെ കുറച്ചു കാണിക്കാന്‍ ശ്രമം തുടങ്ങിയിട്ട്. തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത് അവസാനിപ്പിക്കേണ്ടതാണ് എന്നു തോന്നുന്നു. തീര്‍ച്ചയായും വിശദീകരണം ആവശ്യമാണ്. ഏതാണ്ട് മൂന്നൂറുകോടി രൂപയ്ക്കടുത്താണ് ക്രിഷ് 3യുടെ ഇതുവരെയുള്ള കലക്ഷന്‍. ഇന്ത്യയില്‍ നിന്ന് 244 കോടിയും ഇന്ത്യക്കു പുറത്തു നിന്ന് 55 കോടിയും. എന്‍റെ വിജയം പ്രതികൂലമായി ചിലരെ ബാധിക്കുന്നത് എന്തു കൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എന്‍റെ സുഹൃത്തുക്കള്‍ എന്നു പറയുന്ന ആളുകള്‍ തന്നെയാണ് ഈ പ്രചരണത്തിനു തുടക്കമിട്ടത് എന്നതും അത്ഭുതകരമാണ്, ഹൃത്വിക് തുടര്‍ന്നു. എന്നാല്‍ ആരുടേയും പേര് ഹൃത്വിക് പരാമര്‍ശിച്ചില്ല.
മറ്റൊരാളുടെ വിജയത്തില്‍ ആശങ്കപ്പെടരുത് എന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. സ്വന്തം കഠിനാധ്വാനത്തിലൂടെ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക. ഞാനും അച്ഛനും ഒന്നിച്ചുള്ള ടീം വര്‍ക്കിനെക്കുറിച്ച് ഒന്നു മാത്രം പറയാം, ഞങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ....ഹൃത്വിക് തുടര്‍ന്നു

0 comments:
Post a Comment