നായികയല്ല, ഉപനായികയല്ല...സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചു തകര്‍ക്കുമ്പോഴും ഒരു പാട്ടു രംഗത്തു മാത്രം ചുവടു വച്ച്, എക്കാലവും ഓര്‍മയില്‍ നില്‍ക്കുക. ഏറിയാല്‍ പത്തു മിനിറ്റ് അതിനപ്പുറം സാന്നിധ്യമില്ല ഇത്തരം താരങ്ങക്ക് ഒരു സിനിമയില്‍. എന്നാല്‍ ഛയ്യ, ഛയ്യയും മുന്നി ബദ്മാനാം ഹുയിയുമൊക്കെ എത്ര കാലം കഴിഞ്ഞാലും മറക്കില്ലല്ലോ. ഇത്തരം ഗാനങ്ങള്‍ക്ക് ഐറ്റം നമ്പര്‍ എന്നാണ് വിശേഷണം. ഇത്തരം പാട്ടുകള്‍ക്ക് ചുവടു വയ്ക്കുന്നവരെ വിളിക്കുന്നത് ഐറ്റം ഗേള്‍ എന്നും.
ഈ രണ്ടു വാക്കു കേള്‍ക്കുന്നതും ദേഷ്യമാണ് മലൈക അറോറ ഖാന്. ദില്‍സേയില്‍ ഷാരുഖ് ഖാനൊപ്പം ഛയ്യ...ഛയ്യ...യ്ക്കു ചുവടു വച്ച സുന്ദരി. കാലങ്ങള്‍ക്കു ശേഷം ദബങ്ങില്‍ മുന്നി ബദ്നാമം ഹുയി...സൂപ്പറാക്കിയപ്പോള്‍ കൂടെ സല്‍മാന്‍ ഖാനായിരുന്നു. സല്‍മാന്‍റെ സഹോദരന്‍ അര്‍ബാസ് ഖാന്‍റെ ഭാര്യ എന്നൊരു മേല്‍വിലാസവുമുണ്ട്, 1997 മുതല്‍ മലൈകയ്ക്ക്. അമ്മ വഴിക്ക് കേരളവുമായി ബന്ധമുണ്ട്. അച്ഛന്‍ അനില്‍ അറോറയുടെ നാട് പഞ്ചാബ്. അമ്മ ജോയ്സി മലയാളിയും.
ഒരു പാട്ടു സീനില്‍ മാത്രം നൃത്തം ചെയ്യാന്‍ വിളിച്ചാല്‍ അതു സ്വീകരിക്കാന്‍ പലരും മടിച്ചിരുന്ന കാലത്താണ് മലൈക അതൊരു ട്രെന്‍ഡാക്കി മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ പ്രാധനപ്പെട്ട നായികമാരെല്ലാം ഇത്തരം നൃത്ത രംഗങ്ങളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്നു. കരീനയുടെ, ദീപികയുടെ പ്രിയങ്കയുടെ കത്രീനയുടെ ഐറ്റം നമ്പരുണ്ട് എന്നത് സിനിമയുടെ പ്രധാന ആകര്‍ഷണമായി മാറുന്നു. ദില്‍സെ മുതല്‍ എട്ടോ പത്തോ സിനിമകളില്‍ നൃത്ത രംഗങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുണ്ട് മലൈക.
ഐറ്റം നമ്പര്‍, ഐറ്റം ഗേള്‍....ഈ രണ്ടു വാക്കുകളോടും യോജിക്കാന്‍ എനിക്കു കഴിയില്ല. സ്പെഷ്യല്‍ സോങ്ങ് എന്നു വിളിച്ചു കൂടേ? മലൈക ചോദിക്കുന്നു. നായികമാര്‍ സ്പെഷ്യല്‍ സോങ്ങ് സീനുകളില്‍ വന്നു തുടങ്ങിയത് അത്തരം രംഗങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ വരുന്നതു കൊണ്ട് തന്‍റെ അവസരങ്ങള്‍ കുറയുന്നു എന്നു ചിന്തിച്ചിട്ടേയില്ല. ബോളിവുഡില്‍ എല്ലാവര്‍ക്കും അവരുടേതായ അവസരങ്ങള്‍ കിട്ടുന്നുണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം, മലൈക പറഞ്ഞു.
ബോളിവുഡിനു നന്നായി പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള നൃത്ത രൂപമാണ് ബെല്ലി ഡാന്‍സെന്ന് മലൈക കരുതുന്നു. ബെല്ലി ഡാന്‍സ് ശരിയായി പഠിക്കണം എന്ന് ആഗ്രഹമുണ്ട്. ചില ചുവടുകള്‍ അറിയാം എന്നാല്‍ ടെക്നിക്കുകള്‍ പൂര്‍ണമായി പഠിക്കണം, മലൈക പറയുന്നു.

0 comments:
Post a Comment