Home » , » തരൂരും ഭാര്യയും തടിയൂരി, കാഴ്ചക്കാര്‍ വീണ്ടും ശശി!

തരൂരും ഭാര്യയും തടിയൂരി, കാഴ്ചക്കാര്‍ വീണ്ടും ശശി!

തിരുവനന്തപുരം: സുനന്ദ പുഷ്‌കര്‍ - ശശി തരൂര്‍ കുടുംബപ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക്. പാകിസ്ഥാനിലെ ഐ എസ് ഐ ബന്ധമുള്ള മാധ്യമപ്രവര്‍ത്തകയുമായി ഭര്‍ത്താവ് ശശി തരൂരിന് ബന്ധമുണ്ട് എന്ന് ട്വീറ്റ് ചെയ്ത സുനന്ദ പുഷ്‌കറും മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ശശി തരൂരും നല്ല പുള്ളികളായി. തങ്ങളുടെ രണ്ടുപേരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ആരോ ഒപ്പിച്ച പണിയാണ് ഇതെന്നാണ് കേന്ദ്രമന്ത്രിയുടെയും ഭാര്യയുടെയും ഏറ്റവും ഒടുവിലത്തെ പ്രതികരണം. കുറ്റം മുഴുവന്‍ സംഭവം റിപ്പോര്‍ട്ട ചെയ്ത മാധ്യമങ്ങളുടെയും കഥയറിയാതെ ആട്ടം കണ്ട ജനങ്ങളുടെയും മേല്‍ ചാരിയാണ് ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും തടിയൂരിയത്. തങ്ങളുടെ വിവാഹജീവിതത്തില്‍ യാതൊരു കുഴപ്പവും ഇല്ല. വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. സുനന്ദയുടെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്.

തങ്ങളുടെ സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്ന ഒരു അഭ്യര്‍ഥനയും കേന്ദ്രമന്ത്രി ശശി തരൂര്‍ നടത്തിയിട്ടുണ്ട്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ശശി തരൂരിന്റെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റുകളും അതിന്റെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് വന്നതിനെത്തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ശശി തരൂര്‍ പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ അക്കൗണ്ട് ഉപയോഗിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി സുനന്ദ പുഷ്‌കര്‍ വീണ്ടും രംഗത്തെത്തി. മാത്രമല്ല, തന്നെ ഐ എസ് ഐ ഏജന്റ് എന്ന് വിശേഷിപ്പിച്ച സുനന്ദ പുഷ്‌കറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മെഹര്‍ തരാറും വ്യക്തമാക്കി. സംഭവം വിവാദമായതോടെ തരൂര്‍ രാജിവെക്കണമെന്ന് ബി ജെ പിയും അന്വേഷണം വേണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.

0 comments: